കുഞ്ചിത്തണ്ണി തിരുക്കുടുംബ ദേവാലയം

65 വര്‍ഷത്തെ ചരിത്രം

"ആ നഗരത്തില്‍ ദൈവം വസിക്കുന്നു ; അതിന് ഇളക്കം തട്ടുകയില്ല ; അതിരാവിലെ ദൈവം അതിനെ സഹായിക്കും . സങ്കീര്‍ത്തനം 46:5  "


കുഞ്ചിത്തണ്ണി തിരുകുടുംബ ദേവാലയം 65 വര്‍ഷത്തെ ചരിത്രം


ഇടവകയുടെ ചരിത്രം ഇടവക സമൂഹത്തിന്റെ ചരിത്രമണ്. ക്രിസ്തുവിലുള്ള വിശ്വാസജീവിതത്തിന്റെ ചരിത്രം. ഈ ചരിത്രത്തില്‍ സന്തോഷിക്കാനും അഭിമാനിക്കുവാനുമുള്ള വളരെയേറെ കാര്യങ്ങള്‍ ഉണ്ട്. ഇന്നലെയുടെ ഓര്‍മ്മകള്‍, ഇന്നിന്റെ ചിത്രങ്ങള്‍ നാളയുടെ വഴികളില്‍ പ്രോത്സാഹനമാണ്.


65വര്‍ഷത്തെ വിശ്വാസ ജീവിത പടവുകള്‍ പിന്നിടുമ്പോള്‍ കാത്തുപരിപാലിച്ച് വഴി നടത്തിയ ദൈവപരിപാലനക്കും കരകവി‍ഞ്ഞൊഴുകിയ ദൈവകൃപക്കും അതിരുകളില്ല. കുഞ്ചിത്തണ്ണി ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. പുറപ്പാടിന്റെ ചരിത്രമാണ് മനുഷ്യന്റെത്. കയ്യില്‍ ഒന്നുമില്ലാതെ ഈ പ്രദേശത്ത് കുടിയേറി പാര്‍ത്ത് മണ്ണിനോടും മഴയോടും വന്യമൃഗങ്ങളോടുമൊക്കെ മല്ലിടുമ്പോള്‍ ഉള്ളില്‍ കത്തിയിരുന്ന വിശ്വാസത്തിന്റെ ചെറുനാളം അണഞ്ഞു പോകാതെ കാത്തുസൂക്ഷിച്ച ഒരു ജനതയുടെ വിശ്വാസ തീക്ഷണതയുടെയും പ്രതികൂലസാഹചര്യങ്ങളിലെ ദൈവാശ്രയ ബോധത്തിന്റെയും കഠിനമായ അദ്ധ്വാനത്തിന്റെയും കഷടപ്പാടിന്റെയും ഫലങ്ങളാണ് ഇന്ന് കാണുന്ന ആധ്യാത്മികവും ഭൗതീകവുമായ സമ്പത്ത്.


ആദിമ ക്രൈസ്തവ സമൂഹത്തെപ്പോലെ പ്രാര്‍ത്ഥിക്കുവാനായി വീടുകളില്‍ ഒരുമിച്ചുകൂടുകയും ആദ്ധ്യാത്മിക ആവശ്യങ്ങള്‍ക്കായി മൂന്നാര്‍, കൂമ്പന്‍പാറ പള്ളികളില്‍ പോകുകയും ചെയ്തിരുന്ന വിശ്വാസികളുടെ ഒരു സ്വപ്നമായിരുന്നു തങ്ങള്‍ക്കും ഒരു ഇടവകദേവാലയം. അവരുടെ ആഗ്രഹം ഹൈറേഞ്ച് മിഷന്‍ സുപ്പീരിയറായ ബഹുമാനപ്പെട്ട സഖറിയാസ് പിട്ടാപ്പള്ളി അച്ചനെ അറിയിക്കുകയും അച്ചന്റെ തേതൃത്വത്തില്‍ ഇവിടെ ഒരു ദേവാലയം സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.


1951ല്‍ പണിതീര്‍ത്ത താത്ക്കാലിക ഷെഡില്‍ ഈസ്റ്റര്‍ കഴിഞ്ഞുള്ള രണ്ടാമത്തെ ഞായറാഴ്ച ആദ്യ ദിവ്യബലിയര്‍പ്പണം നടത്തി. തുടര്‍ന്ന് അച്ചന്റെ സൗകര്യാര്‍ത്ഥം വല്ലപ്പോഴും ഇവിടെ വന്ന് ബലിയര്‍പ്പണം നടത്തിപ്പോന്നു. 1955ലാണ് ഇടവക ഔദ്യോഗികമായി ആരംഭിച്ചത്. ബഹു. ജോക്കബ് മഞ്ചപ്പള്ളി അച്ചന്‍ ആദ്യ വികാരിയായി നിയമിതനായി. ഇടവകാ സമുഹം രൂപം കൊണ്ടതുമുതല്‍ ഈ പ്രദേശത്ത് നാനാവിധത്തിലുള്ള പുരോഗതി കൈവരിക്കാന്‍ ദൈവം തിരുമനസ്സായി. നാളിതുവരെ കുഞ്ചിത്തണ്ണി തിരുക്കുടുംബ ദേവാലയത്തില്‍ 18 വികാരിയച്ചന്‍മാരും 11 കൊച്ചച്ചന്‍മാരും സേവനം ചെയ്ത് കടന്നുപോയിട്ടുണ്ട്. ഓരോരുത്തരും അവരവരുടെ കാലയളവുകളില്‍ ഇടവക ജനത്തിന്റെയും ഇതരമതസ്ഥരുടെയും ഈ പ്രദേശത്തിന്റെയും ആത്മീയവും ഭൗതീകവുമായ വളര്‍ച്ചക്കുവേണ്ടി അക്ഷീണം യത്നിച്ചവരാണ്. അതിന്റെറ ഫലമായിട്ടാണ് ആത്മീയ ചൈതന്യമുള്ള, വിശ്വാസദൃഡതയുള്ള ഒരു സമൂഹം ഈ കുഞ്ചിത്തണ്ണി പ്രദേശത്തുള്ളത്. സാമൂഹികവും സാംസ്കാരികവുമായ എല്ലാവളര്‍ച്ചയിലും അച്ചന്‍മാരുടെ പ്രയത്നം അവര്‍ണ്ണനീയമാണ്.


ബഹു. വികാരിയച്ചന്റെയും കൊച്ചച്ചന്റെയും നേതൃത്വത്തില്‍ 19 കുടുംബകൂട്ടായ്മകള്‍ കൂടിച്ചേര്‍ന്നതാണ് കുഞ്ചിത്തണ്ണി തിരുകുടുംബ ദേവാലയം. വി. കുര്‍ബാനയുടെ ആരാധന സന്യാസിനി സമൂഹത്തിലെ സഹോദരിമാര്‍ ഈ ഇടവകയില്‍ ശുശ്രൂക്ഷ നടത്തി വരുന്നു ബഹുമാനപ്പെട്ട HM ന്റെ നേതൃത്വത്തില്‍ 16 അദ്ധ്യാപകര്‍ മതബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നു. മാതൃവേദി, KCYM, മിഷന്‍ലീഗ്, തിരുബാലസഖ്യം,AKCC, ക്രെഡിറ്റ് യൂണിയന്‍, വിന്‍സെന്‍ഡിപോള്‍ സൊസൈറ്റി എന്നീ സംഘടനകള്‍ ഈ ഇടവകയില്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ഇടവകയ്ക്ക് സ്വന്തമായി Holy Family Public School, Parish Hall എന്നിവ ഉണ്ട് എന്നുള്ളതും അഭിമാനര്‍ഹം തന്നെ.


2020 വര്‍ഷത്തില്‍ നമ്മുടെ ഇടവകയ്ക്ക് ലഭിച്ച ശ്രേഷ്ഠ പദവിയാണ് ജൂണ്‍ 29 ന് നമ്മുടെ ദേവാലയം ഫൊറോന ദേവാലയമായി ഉയര്‍ത്തപ്പെട്ടതും നവംബര്‍ 19ന് ഫൊറോന ഉദ്ഘാടനം ചെയ്യപ്പെട്ടതും.


വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ഏതാനും കുടിയേറ്റക്കാര്‍ കൊളുത്തിതന്ന വിശ്വാസത്തന്റെ കൈത്തിരി ഈ നാടെങ്ങും പ്രഭചൊരിയുന്ന ദീപസ്തംഭമായി പ്രശോഭിക്കുമ്പോള്‍ ഈ നിലയിലെത്താന്‍ സഹായിച്ച സര്‍വ്വശക്തമായ ദൈവത്തിനും മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ പൂര്‍വ്വികരെയും ഉപകാരികളെയും അനുസ്മരിക്കുന്നു. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സംരക്ഷണയിലുള്ള കുടുബങ്ങള്‍കൊണ്ട് ധന്യരായ ഈ ഇടവക ദേവാലയം എല്ലാവര്‍ക്കും ആശ്വാസമേകുന്ന ഒരു ആത്മീയ കേന്ദ്രമായി എന്നും വിരാജിക്കട്ടെ.